ന്യൂഡൽഹി: ഡൽഹിയിൽ ഉമർ നബി നടത്തിയ ചാവേർ ബോംബ് സ്ഫോടനത്തിന്റെ സുപ്രധാന തെളിവുകൾ കണ്ടെത്തി അന്വേഷണസംഘം. കൂട്ടുപ്രതിയും വിവാദ അൽ ഫലാഹ് സർവകലാശാലയിലെ ഡോക്ടറുമായ മുസമ്മിൽ ഷക്കീൽ ബോംബ് നിർമാണത്തിന് ഉപയോഗിച്ച യന്ത്രങ്ങളാണു കണ്ടെത്തിയത്. രാസവസ്തുക്കൾ പൊടിക്കാനുള്ള മില്ലും ശുദ്ധീകരിക്കാനുള്ള മറ്റ് ഉപകരണങ്ങളുമാണ് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയത്. ഹരിയാന ഫരീദാബാദിലെ ടാക്സി ഡ്രൈവറുടെ വീട്ടിൽനിന്നു കണ്ടെടുത്ത പൊടി മില്ലിന്റെയും ഇലക്ട്രിക്കൽ യന്ത്രങ്ങളുടെയും ചിത്രങ്ങൾ ദേശീയ മാധ്യമങ്ങൾ പുറത്തുവിട്ടു.
ജമ്മു കാഷ്മീരിലെ പുൽവാമ സ്വദേശിയായ മുസമ്മിൽ, ടാക്സി ഡ്രൈവറുടെ മുറി വാടകയ്ക്കെടുത്തിരുന്നു. ഇവിടെ പൊടി മില്ല് സ്ഥാപിക്കുകയായിരുന്നു. യൂറിയ മില്ലിൽവച്ച് നന്നായി പൊടിച്ച ശേഷം ഇലക്ട്രിക്കൽ മെഷീൻ ഉപയോഗിച്ച് ശുദ്ധീകരിച്ച് രാസവസ്തുക്കൾ തയാറാക്കുകയായിരുന്നു. വളരെക്കാലമായി യൂറിയയിൽനിന്ന് അമോണിയം നൈട്രേറ്റ് വേർതിരിക്കാനും സ്ഫോടക വസ്തുക്കൾ തയാറാക്കാനും മില്ലും മറ്റു ഉപകരണങ്ങളും ഉപയോഗിക്കുന്നുണ്ടെന്നു ചോദ്യം ചെയ്യലിൽ മുസമ്മിൽ സമ്മതിച്ചു.
നാലു വർഷം മുമ്പു തന്റെ മകനെ ചികിത്സയ്ക്കായി അൽ ഫലാഹ് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിയപ്പോഴാണ് മുസമ്മിലുമായി പരിചയത്തിലായതെന്നു ടാക്സി ഡ്രൈവർ എൻഐഎയോട് പറഞ്ഞതായി അന്വേഷണ വൃത്തങ്ങൾ അറിയിച്ചു.